വീണ പൂവ്

1907

ഹാ! പുഷ്പമേ, അധികതുംഗപദത്തിലെത്രശോഭിച്ചിരുന്നിതൊരു രാജ്ഞികണക്കയേ നീശ്രീ ഭൂവിലസ്ഥിര-അസംശയ-മിന്നു നിന്റെ-യാഭൂതിയെങ്ങു പുനരെങ്ങു കിടപ്പിതോർത്താൽ?

ലാളിച്ചു പെറ്റ ലതയമ്പൊടു ശൈശവത്തിൽപാലിച്ചു പല്ലവപുടങ്ങളിൽ വെച്ചു നിന്നെ;ആലോലവായു ചെറുതൊട്ടിലുമാട്ടി, താരാ-ട്ടാലാപമാർന്നു മലരേ, ദലമർമ്മരങ്ങൾ

പാലൊത്തെഴും പുതുനിലാവിലലം കുളിച്ചുംബാലാതപത്തിൽ വിളയാടിയുമാടലെന്യേനീ ലീലപൂണ്ടിളയ മൊട്ടുകളോടു ചേർന്നുബാലത്വമങ്ങനെ കഴിച്ചിതു നാളിൽ നാളിൽ

ശീലിച്ചു ഗാനമിടചേർന്നു ശിരസ്സുമാട്ടി-ക്കാലത്തെഴും കിളികളോടഥ മൗനമായ്‌ നീഈ ലോകതത്വവുമയേ, തെളിവാർന്ന താരാ-ജാലത്തൊടുന്മുഖതയാർന്നു പഠിച്ചു രാവിൽ

ഈവണ്ണമമ്പൊടു വളർന്നഥ നിൻറെയംഗ-മാവിഷ്ക്കരിച്ചു ചില ഭംഗികൾ മോഹനങ്ങൾഭാവം പകർന്നു വദനം, കവിൾ കാന്തിയാർന്നു,പൂവേ, അതിൽ പുതിയ പുഞ്ചിരി സഞ്ചരിച്ചു.

ആരോമലാമഴക്‌, ശുദ്ധി, മൃദുത്വ, മാഭസാരള്യമെന്ന, സുകുമാരഗുണത്തിനെല്ലാംപാരിങ്കലേതുപമ; ആ മൃദുമെയ്യിൽ നവ്യ-താരുണ്യമേന്തിയൊരു നിൻ നില കാണണം താൻ.

വൈരാഗ്യമേറിയൊരു വൈദികനാട്ടെ, യേറ്റ-വൈരിയ്ക്കു മുൻപുഴറിയോടിയ ഭീരുവാട്ടെ,നേരേ വിടർന്നു വിലസീടിന നിന്നെ നോക്കി-യാരാകിലെന്തു, മിഴിയുള്ളവർ നിന്നിരിക്കാം.

മെല്ലെന്നു സൗരഭവുമൊട്ടു പരന്നു ലോക-മെല്ലാം മയക്കി മരുവുന്നളവന്നു നിന്നെതെല്ലോ കൊതിച്ചനുഭവാർത്ഥികൾ; ചിത്രമല്ല-തില്ലാർക്കുമീഗുണവു, മേവമകത്തു തേനും.

ചേതോഹരങ്ങൾ സമജാതികളാം സുമങ്ങ-ളേതും സമാനമഴകുള്ളവയെങ്കിലും നീജാതാനുരാഗമൊരുവന്നു മിഴിക്കു വേദ്യ-മേതോ വിശേഷസുഭഗത്വവുമാർന്നിരിക്കാം.

"കാലം കുറഞ്ഞ ദിനമെങ്കിലുമർത്ഥദീർഘം,മാലേറെയെങ്കിലുമതീവ മനോഭിരാമംചാലേ കഴിഞ്ഞരിയ യൗവന"മെന്നു നിന്റെ-യീ ലോലമേനി പറയുന്നനുകമ്പനീയം.

അന്നൊപ്പമാണഴകു കണ്ടു വരിച്ചിടും നീ-യെന്നോർത്തു ചിത്രശലഭങ്ങളണഞ്ഞിരിക്കാം;എന്നല്ല, ദൂരമതിൽനിന്നനുരാഗമോതിവന്നെന്നുമാം വിരുതനങ്ങൊരു ഭൃംഗരാജൻ.

കില്ലില്ലയേ ഭ്രമരവര്യനെ നീ വരിച്ചുതെല്ലെങ്കിലും ശലഭമേനിയെ മാനിയാതെഅല്ലെങ്കിൽ നിന്നരികിൽ വന്നിഹ വട്ടമിട്ടുവല്ലാതിവൻ നിലവിളിക്കുകയില്ലിദാനീം.

“എന്നംഗമേകനിഹ തീറുകൊടുത്തുപോയ്‌ ഞാൻഎന്നന്യകാമുകരെയൊക്കെ മടക്കിയില്ലേ?ഇന്നോമലേ വിരവിലെന്നെ വെടിഞ്ഞിടല്ലേ”എന്നൊക്കെയല്ലി ബത! വണ്ടു പുലമ്പിടുന്നു?

ഹാ! കഷ്ട,മാ വിബുധകാമിതമാം ഗുണത്താ-ലാകൃഷ്ടനാ, യനുഭവിച്ചൊരു ധന്യനീയാൾപോകട്ടെ നിന്നൊടൊരുമിച്ചു മരിച്ചു; നിത്യ-ശോകാർത്തനായിനിയിരിപ്പതു നിഷ്‌ഫലംതാൻ.

ചത്തീടുമിപ്പോഴിവനല്‌പവികല്‌പമില്ലതത്താദൃശം വ്യസനകുണ്ഠിതമുണ്ടു കണ്ടാൽഅത്യുഗ്രമാം തരുവിലും ബത! കല്ലിലും പോയ്‌പ്രത്യക്ഷമാഞ്ഞു തല തല്ലുകയല്ലി ഖിന്നൻ?

ഒന്നോർക്കിലിങ്ങിവ വളർന്നു ദൃഢാനുരാഗ-മന്യോന്യമാർന്നുപയമത്തിനു കാത്തിരുന്നുവന്നീയപായമഥ കണ്ടളി ഭാഗ്യഹീനൻക്രന്ദിക്കയാം; കഠിന താൻ ഭവിതവ്യതേ നീ!

ഇന്നല്ലയെങ്കിലയി, നീ ഹൃദയം തുറന്നുനന്ദിച്ച വണ്ടു കുസുമാന്തരലോലനായി“എന്നെച്ചതിച്ചു ശഠ”നെന്നതു കണ്ടു നീണ്ടുവന്നേറുമാധിയഥ നിന്നെ ഹനിച്ചു പൂവേ!

ഹാ! പാർക്കിലീ നിഗമനം പരമാർത്ഥമെങ്കിൽപാപം നിനക്കു ഫലമായഴൽ പൂണ്ട വണ്ടേ!ആപത്തെഴും തൊഴിലിലോർക്കുക മുമ്പു; പശ്ചാ-ത്താപങ്ങൾ സാഹസികനിങ്ങനെയെങ്ങുമുണ്ടാം.

പോകട്ടതൊക്കെ,യഥവാ യുവലോകമേലു-മേകാന്തമാം ചരിതമാരറിയുന്നു പാരിൽഏകുന്നു വാൿപടുവിനാർത്തി വൃഥാപവാദം,മൂകങ്ങൾ പിന്നിവ - പഴിക്കുകിൽ ദോഷമല്ലേ?

പോകുന്നിതാ വിരവിൽ വണ്ടിവിടം വെടിഞ്ഞുസാകൂതമാംപടി പറന്നു നഭസ്ഥലത്തിൽശോകാന്ധനായ്‌ കുസുമചേതന പോയ മാർഗ്ഗ-മേകാന്തഗന്ധമിതു പിൻതുടരുന്നതല്ലീ?

ഹാ! പാപമോമൽമലരേ ബത! നിൻറെ മേലുംക്ഷേപിച്ചിതോ കരുണയറ്റ കരം കൃതാന്തൻവ്യാപാരമേ ഹനനമാം വനവേടനുണ്ടോവ്യാപന്നമായ്‌ കഴുകനെന്നു, കപോതമെന്നും?

തെറ്റെന്നു ദേഹസുഷമാപ്രസരം മറഞ്ഞുചെറ്റല്ലിരുണ്ടു മുഖകാന്തിയതും കുറഞ്ഞുമറ്റെന്തുരപ്പു? ജവമീ നവദീപമെണ്ണ-വറ്റിപ്പുകഞ്ഞഹഹ! വാടിയണഞ്ഞുപോയി.

ഞെട്ടറ്റു നീ മുകളിൽനിന്നു നിശാന്തവായുതട്ടിപ്പതിപ്പളവുണർന്നവർ താരമെന്നോതിട്ടം നിനച്ചു മലരേ ബത! ദിവ്യഭോഗംവിട്ടാശു ഭുവിലടിയുന്നൊരു ജീവനെന്നോ?

അത്യന്തകോമളതയാർന്നൊരു നിൻറെ മേനി-യെത്തുന്ന കണ്ടവനിതന്നെയധീരയായിസദ്യഃസ്ഫുടം പുളകിതാംഗമിയന്നു പൂണ്ടോ-രുദ്വേഗമോതുമുപകണ്ഠതൃണാങ്കുരങ്ങൾ.

അന്യൂനമാം മഹിമ തിങ്ങിയൊരാത്മതത്വ-മെന്യേ നിലത്തു ഗതമൗക്തികശുക്തിപോൽ നീസന്നാഭമിങ്ങനെ കിടക്കുകിലും ചുഴന്നുമിന്നുന്നു നിൻ പരിധിയിപ്പൊഴുമെന്നു തോന്നും.

ആഹാ, രചിച്ചു ചെറു ലൂതകളാശു നിൻറെദേഹത്തിനേകി ചരമാവരണം ദുകൂലംസ്നേഹാർദ്രയായുടനുഷസ്സുമണിഞ്ഞു നിന്മേൽനീഹാരശീകരമനോഹരമന്ത്യഹാരം.

താരങ്ങൾ നിൻ പതനമോർത്തു തപിച്ചഹോ! ക-ണ്ണീരായിതാ ഹിമകണങ്ങൾ പൊഴിഞ്ഞിടുന്നു;നേരായി നീഡതരുവിട്ടു നിലത്തു നിൻറെചാരത്തു വീണു ചടകങ്ങൾ പുലമ്പിടുന്നു.

ആരോമലാം ഗുണഗണങ്ങളിണങ്ങി ദോഷ-മോരാതുപദ്രവവുമൊന്നിനു ചെയ്തിടാതെ,പാരം പരാർത്ഥമിഹ വാണൊരു നിൻ ചരിത്ര-മാരോർത്തു ഹൃത്തടമഴിഞ്ഞു കരഞ്ഞുപോകാ?

കണ്ടീ വിപത്തഹഹ! കല്ലലിയുന്നിതാടൽ-കൊണ്ടാശു ദിങ്‌മുഖവുമിങ്ങനെ മങ്ങിടുന്നുതണ്ടാർസഖൻ ഗിരിതടത്തിൽ വിവർണ്ണനായ്‌ നി-ന്നിണ്ടൽപ്പെടുന്നു, പവനൻ നെടുവീർപ്പിടുന്നു.

എന്തിന്നലിഞ്ഞു ഗുണധോരണി വെച്ചു നിന്മേൽ?എന്തിന്നതാശു വിധിയേവമപാകരിച്ചു?ചിന്തിപ്പതാരരിയ സൃഷ്ടിരഹസ്യ, മാവ-തെന്തുള്ളു? ഹാ! ഗുണികളൂഴിയിൽ നീണ്ടു വാഴാ!

സാധിച്ചു വേഗമഥവാ നിജ ജന്മകൃത്യംസാധിഷ്‌ഠർ പോട്ടിഹ സദാ നിശി പാന്ഥപാദംബാധിച്ചു രൂക്ഷശില വാഴ്‌വതിൽനിന്നു മേഘ-ജ്യോതിസ്സുതൻ ക്ഷണികജീവിതമല്ലി കാമ്യം?

എന്നാലുമുണ്ടഴലെനിക്കു വിയോഗമോർത്തുംഇന്നത്ര നിൻ കരുണമായ കിടപ്പു കണ്ടുംഒന്നല്ലി നാ,മയി സഹോദരരല്ലി, പൂവേ,ഒന്നല്ലി കയ്യിഹ രചിച്ചതു നമ്മെയെല്ലാം?

ഇന്നീവിധം ഗതി നിനക്കയി പോക! പിന്നൊ-ന്നൊന്നായ്‌ത്തുടർന്നു വരുമാ വഴി ഞങ്ങളെല്ലാം;ഒന്നിന്നുമില്ല നില-ഉന്നതമായ കുന്നു-മെന്നല്ലയാഴിയുമൊരിക്കൽ നശിക്കുമോർത്താൽ.

അംഭോജബന്ധുവിത നിന്നവശിഷ്ടകാന്തിസമ്പത്തെടുപ്പതിനണഞ്ഞു കരങ്ങൾ നീട്ടി;ജൃംഭിച്ച സൗരഭമിതാ കവരുന്നു വായുസമ്പൂർണ്ണമാ,യഹഹ! നിന്നുടെ ദായഭാഗം.

‘ഉത്‌പന്നമായതു നശിക്കു,മണുക്കൾ നിൽക്കുംഉത്‌പന്നമാമുടൽ വെടിഞ്ഞൊരു ദേഹി വീണ്ടുംഉത്‌പത്തി കർമ്മഗതി പോലെ വരും ജഗത്തിൽ’കൽപിച്ചിടുന്നിവിടെയിങ്ങനെ ആഗമങ്ങൾ.

ഖേദിക്കകൊണ്ടു ഫലമില്ല, നമുക്കതല്ലമോദത്തിനും ഭുവി വിപത്തു വരാം ചിലപ്പോൾ;ചൈതന്യവും ജഡവുമായ്‌ കലരാം ജഗത്തി-ലേതെങ്കിലും വടിവിലീശ്വരവൈഭവത്താൽ.

ഇപ്പശ്ചിമാബ്ധിയിലണഞ്ഞൊരു താരമാരാ-ലുത്‌പന്നശോഭമുദയാദ്രിയിലെത്തിടുമ്പോൽസത്‌പുഷ്പമേ! യിവിടെ മാഞ്ഞു സുമേരുവിന്മേൽകൽപദ്രുമത്തിനുടെ കൊമ്പിൽ വിടർന്നിടാം നീ.

സംഫുല്ലശോഭമതു കണ്ടു കുതൂഹലം പൂ-ണ്ടമ്പോടടുക്കുമളിവേണികൾ ഭൂഷയായ്‌ നീഇമ്പത്തെയും സുരയുവാക്കളിലേകി രാഗ-സമ്പത്തെയും സമധികം സുകൃതം ലഭിക്കാം.

അല്ലെങ്കിലാ ദ്യുതിയെഴുന്നമരർഷിമാർക്കുഫുല്ലപ്രകാശമിയലും ബലിപുഷ്പമായിസ്വർല്ലോകവും സകലസംഗമവും കടന്നുചെല്ലാം നിനക്കു തമസഃപരമാം പദത്തിൽ.

ഹാ! ശാന്തിയൗപനിഷദോക്തികൾതന്നെ നൽകുംക്ലേശിപ്പതാത്മപരിപീഡനമജ്ഞയോഗ്യം;ആശാഭരം ശ്രുതിയിൽ വയ്ക്കുക നമ്മൾ, പിന്നെ-യീശാജ്ഞപോലെ വരുമൊക്കെയുമോർക്ക പൂവേ!

കണ്ണേ, മടങ്ങുക, കരിഞ്ഞുമലിഞ്ഞുമാശുമണ്ണാകുമീ മലരു, വിസ്മൃതമാകുമിപ്പോൾ;എണ്ണീടുകാർക്കുമിതുതാൻ ഗതി! സാദ്ധ്യമെന്തുകണ്ണീരിനാൽ? അവനി വാഴ്‌വു കിനാവു, കഷ്ടം!

«വീണ പൂവ്» (La flor caída, 1907), a partir de la transcripción de Wikisource en malayalam.

Dominio públicoEste poema está en el dominio público. Puedes leerlo, copiarlo, recitarlo y publicarlo sin pedir permiso a nadie.